ന്യൂഡല്‍ഹി: വയനാട് സീറ്റിനെച്ചൊല്ലി ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ പറ്റാതെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്.ഈ ഘട്ടത്തില്‍ വിഷയം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്. വയനാട്ടില്‍ തര്‍ക്കം തുടരുന്നതിനാല്‍ വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലും തീരുമാനം നീളുകയാണ്. ഡല്‍ഹിയിലുള്ള കോണ്‍ഗ്രസ് നേതാക്കളോട് അവിടെ തുടരാന്‍ കേന്ദ്ര നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്.എ–ഐ ഗ്രൂപ്പുകള്‍ വയനാട് സീറ്റിനായി പിടിവലികൂടുന്ന സാഹചര്യത്തിലാണ് നാലു സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമായി നീളുന്നത്.ഇന്നലെ നാലു സീറ്റുകളില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും പറഞ്ഞെങ്കിലും ചര്‍ച്ചകള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
വയനാട്ടില്‍ ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടില്‍ എ ഗ്രൂപ്പ് ഉറച്ചുനില്‍ക്കുമ്പോള്‍ സിറ്റിങ് സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് ഐ ഗ്രൂപ്പ് പറയുന്നു.വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാനെ ഐ ഗ്രൂപ്പ് നിര്‍ദേശിച്ചെങ്കിലും , വനിത സ്ഥാനാര്‍ഥി വേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ വാദം.
വയനാട് സിദ്ദിഖിന് നല്കി ഷാനിമോളെ ആലപ്പുഴയിലേക്ക് മാറ്റാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ പേരും വയനാട്ടിലേക്ക് പരിഗണിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി എത്തിയശേഷം വയനാടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നെങ്കിലും ഡല്‍ഹിയിലെ പ്രതിസന്ധി വിലങ്ങുതടിയായി. മറ്റ് പേരുകളൊന്നും ആറ്റിങ്ങലിലേക്ക് സജീവമായി പരിഗണിക്കപ്പെടുന്നില്ല.
വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഇനിയും സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല.വിദ്യ ബാലകൃഷ്ണന്റെ പേര് ആദ്യം പരിഗണിച്ചെങ്കിലും വിജയസാധ്യതയില്ലാത്തതിനാല്‍ വിദ്യയെ ഒഴിവാക്കിയതായും മറ്റേതെങ്കിലും പേര് നിര്‍ദേശിക്കാനും കേന്ദ്രനേതൃത്വം പിന്നീട് സംസ്ഥാന നേതാക്കളെ വിളിച്ചറിയിച്ചു.വിദ്യാ ബാലകൃഷ്ണനെതിരെ വടകരയില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.ടി.സിദ്ദിഖിനെ വടകരയിലേക്ക് മാറ്റാമെന്ന് ഐ ഗ്രൂപ്പ് നിര്‍ദേശിച്ചെങ്കിലും എ ഗ്രൂപ്പ് എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.