കേരളത്തിൽ കോൺഗ്രസ്സിന് ഏറ്റവും കൂടുതൽ ജയസാധ്യത ഉള്ള ലോക് സഭാ മണ്ഡലം എന്ന സൽപേരു തന്നെയാണ് നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്.പ്രചരിക്കുന്ന പേരുകളിൽ പ്രമുഖൻ കെ മുരളീധരനാണ്. വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി മുരളിയെ ആണ് ആവശ്യപ്പെടുന്നത്. പക്ഷെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ഇപ്പോൾ മാറി നിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വയനാട് സീറ്റ് നോട്ടമുണ്ട്,ഭാരിച്ച സംഘടനാ ചുമതലയുള്ളതിനാൽ ആലപ്പുഴ പോലെ കടുത്ത മത്സരമുള്ള സീറ്റിൽ മത്സരിക്കാതെ ഉറച്ച യു ഡി എഫ് മണ്ഡലമായ വയനാടാണ് താല്പര്യം.എന്നാൽ വയനാട്ടിലാണെങ്കിലും വേണുവിന് മണ്ഢലത്തിൽ നല്ലതുപോലെ പ്രചാരണം നടത്തേണ്ടി വരും എന്നത് ഉറപ്പാണ്,അത് സംഘടനാ ചുമതലകൾ നിർവ്വഹിക്കുന്നതിന് തടസ്സവുമാകും. കോഴിക്കോട് കോൺഗ്രസ്സ് അധ്യക്ഷൻ ടി സിദ്ദിക്കിന്റ പേര് വയനാട് സീറ്റ് ചർച്ചയിൽ വളരെ സജീവമാണ്.മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വളരെ താൽപര്യമാണ് സിദ്ദിക്കിനെ.മഹിളാ കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ.ഫാത്തിമ റോഷ്ന, നിലവിൽ സംസ്ഥാന വഖഫ് ബോർഡ് മെമ്പർ കൂടിയാണ്. വയനാട് മണ്ഡലത്തോട് ചേർന്ന നിയമസഭാ മണ്ഡലമായ കൊണ്ടോട്ടി സ്വദേശം ആയതിനാലും മുസ്ലിം വനിത എന്നതിനാലും പരിഗണയിൽ മുന്നിലുണ്ട്.
വയനാട്ടിൽ മത്സരിക്കാൻ ഷാനിമോൾ ഉസ്മാൻ എം എം ഹസ്സൻ എന്നിവരും ശ്രമം നടത്തുന്നുണ്ട്.2014ൽ കാസർഗോട് ലോക് സഭയിൽ പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിനു തയ്യാറാകാത്തത് ഇപ്പോഴാണ് ഷാനിമോൾക്ക് വിനയാകുന്നത്,ആ കാരണത്താൽ തന്നെ ഇപ്പോൾ പരിഗണിക്കാൻ സാധ്യത തീരെയില്ല. താത്കാലിക പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോൾ എം എം ഹസ്സന്റെ പേരിൽ വന്ന കോടികളുടെ കെ പി സി സി ഫണ്ടു സംബന്ധിച്ച ആരോപണം കോൺഗ്രസ്സ് ഹൈക്കമാന്റ് ഗൗരവമായാണ് കാണുന്നത്.മണ്ഢലത്തെ പ്രതിനിധീകരിച്ചിരുന്ന എം ഐ ഷാനവാസിന്റെ മകൾ അമീനയെ സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് പരിഗണിച്ചാലും അതിശയിക്കാനില്ല. സാമ്പത്തികശാസ്ത്രത്തിൽ ബിരുദ്ദാനന്തര ബിരുദമുള്ള അമീനയെ പരിഗണിക്കാനും സാധ്യതകൾ ഏറെയാണ്.
നിരവധിപ്പേർ കളത്തിലുണ്ടെങ്കിലും അവസാനം ടി സിദ്ദിക്ക്,ഫാത്തിമ റോഷ്ന,ആമിന എന്നിവരിൽ ഒരാൾക്കാകും വയനാട് കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിക്കാൻ യോഗം. മുസ്ലിം ലീഗിനു കൂടി സ്വീകാര്യതയുള്ള ഒരു സ്ഥാനാർത്ഥിയെ മാത്രമെ കോൺഗ്രസ്സ് പരിഗണിക്കുകയുള്ളൂ എന്നത് തീർച്ച.