തിരുവനന്തപുരം:ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.വി.മോഹന്‍ കുമാറിന്. പൊതു വിദ്യാഭ്യാസ ഡയറക്ടറായ മോഹന്‍കുമാറിന്റെ ‘ഉഷ്ണരാശി:കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.പുന്നപ്ര വയലാര്‍ സമരമാണ് നോവലിന്റെ പശ്ചാത്തലം.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.ഡോ.എം.എസ്.ഗീത,ഡോ.ബെറ്റി മോള്‍ മാത്യു,ഡോ.എം.ആര്‍.തമ്പാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
ആറു നോവലുകളും നാലു കഥാ സമാഹാരങ്ങളുമുള്‍പ്പെടെ പതിനഞ്ചോളം പുസ്തകങ്ങള്‍ മോഹന്‍ കുമാര്‍ രചിച്ചിട്ടുണ്ട്. 2010-ല്‍ ശിവന്‍ സംവിധാനം ചെയ്ത ‘കേശു’ എന്ന കുട്ടികളുടെ സിനിമയ്ക്കും തിരക്കഥയെഴുതി.ആദ്യ നോവലായ ‘ശ്രാദ്ധശേഷം’ ‘മഴനീര്‍ത്തുള്ളികള്‍’ എന്ന പേരില്‍ സിനിമയായിട്ടുണ്ട്.
ആലപ്പുഴയിലെ ചേര്‍ത്തലയില്‍ കെ വേലായുധന്‍പിളളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ച മോഹന്‍ കുമാര്‍ പത്രപ്രവര്‍ത്തനത്തില്‍ നിന്നാണ് സര്‍ക്കാര്‍ സര്‍വീസിലെത്തിയത്.പാലക്കാടും കോഴിക്കോടും കലക്ടറായി സേവനമനുഷ്ഠിച്ചു.കേരള സംസ്ഥാന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി,കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി,സുനാമി പുനരധിവാസ പരിപാടി ഡയറക്ടര്‍ (ഓപ്പറേഷന്‍സ്),നോര്‍ക ഡയറക്ടര്‍,നോര്‍ക റൂട്ട്‌സ് സിഇഒ,സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍,ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.