തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നല്‍കണം. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. ബലാക്കോട്ടെ സൈനിക നടപടി പരാമര്‍ശിച്ചപ്പോഴാണ് മുസ്ലിം സമുദായത്തെ അധിക്ഷേപിച്ചുകൊണ്ട് ശ്രീധരന്‍പിള്ള പ്രസംഗിച്ചത്.
ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണിതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമീഷന്‍ നോട്ടീസ് അയച്ചത്. വിദ്വേഷപ്രസംഗത്തില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.