തിരുവനന്തപുരം:ഉന്നതരുള്‍പ്പെട്ട പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
ബിജെപി നേതാവും എംപിയുമായ സുരേഷ്ഗോപി, സിനിമാതാരങ്ങളായ അമലാപോള്‍, ഫഹദ് ഫാസില്‍ എന്നിവരുള്‍പ്പെട്ട കേസാണ് അന്വേഷിക്കുന്നത്. ഫഹദും അമലാപോളും സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ചൊവ്വാഴ്ച ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ അനില്‍കാന്ത് വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു. സുരേഷ്ഗോപി ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേരുടെ നികുതിവെട്ടിപ്പിനെക്കുറിച്ചുള്ള പരാതികളും തെളിവുകളും അടുത്തദിവസം ക്രൈംബ്രാഞ്ചിന് കൈമാറും.
ഫഹദ് ഫാസിലിന്റെയും അമലാപോളിന്റെയും വാഹന രജിസ്ട്രേഷന് രേഖകളില്‍ പലതും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഫഹദ് നല്കിയ വിലാസത്തില്‍ അഞ്ചുപേരും അമലപോള്‍ നല്കിയ വിലാസത്തില്‍ മറ്റൊരാളും വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. സുരേഷ്ഗോപിയോട് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
സുരേഷ്ഗോപി വ്യാജവിലാസം ഉപയോഗിച്ച് രണ്ട് ആഡംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തായിട്ടുണ്ട്. ആദ്യത്തെ കാര്‍ 2010 ജനുവരി 27നും രണ്ടാമത്തെ കാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ഒരുമാസം പിന്നിട്ടപ്പോഴുമാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ കാര്‍ ഏഴുവര്‍ഷമായും രണ്ടാത്തെ കാര്‍ 17 മാസമായും പുതുച്ചേരി രജിസ്ട്രേഷനിലാണ് ഓടുന്നത്. സുരേഷ്ഗോപി മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം.
പുതുച്ചേരി കേന്ദ്രീകരിച്ച് വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായി യോഗം വിലയിരുത്തി. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്, ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.