ദില്ലി:നാടുവിടും മുന്‍പ് താന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഗുരുതരമായ ആരോപണത്തില്‍ പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും ജയ്റ്റ്‌ലി രാജിവച്ച് അന്വേഷണം നേരിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.തന്റെ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
പ്രിയങ്കാ ഗാന്ധിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.നീരവ് മോദി രാജ്യം വിടുന്നതിന് മുന്‍പ് പ്രധാന സേവകനെ കണ്ടു.മല്യ രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രിയെ കണ്ടു.ഈ കൂടിക്കാഴ്ചകളില്‍ എന്തു ചര്‍ച്ചയായെന്ന് രാജ്യത്തിന് അറിയണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് അരുണ്‍ ജെയ്റ്റ്ലിയും മല്യയും ചര്‍ച്ച നടത്തിയത് തനിക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.