വേങ്ങര: വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാ തിരുന്നതിന് കണ്ടക്ടര്‍ക്ക് വ്യത്യസ്തമായൊരു ശിക്ഷ വിധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍. 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുവനില് കെയര്‍ടേക്കറായി ജോലി ചെയ്യണമെന്നതാണ് ശിക്ഷ. മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഓടുന്ന കെഎല്‍ 13 എസ് 3053 കൊരമ്പയില്‍ ബസിലെ കണ്ടക്ടര്‍ക്കാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ജില്ലാ കലക്ടര്‍ ശിക്ഷ വിധിച്ചത്.
മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ തിങ്കളാഴ്ച്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വേങ്ങര ടൗണില്‍ നിന്നുമാണ് സഹോദരന്മാരായ വിദ്യാര്‍ഥികള്‍ ബസില്‍ കയറിയത്.പത്തു മൂച്ചിയില്‍ ഇറങ്ങേണ്ട ഇവര്‍ക്ക് തിരക്കു കാരണം ഇറങ്ങാന്‍ കഴിഞ്ഞില്ല. വണ്ടി നീങ്ങിയപ്പോള്‍ ബഹളം വെച്ചതിനെ തുടര്‍ന്നു തൊട്ടടുത്തു തന്നെ വണ്ടി നിര്‍ത്തി.എന്നാല്‍ മൂത്തസഹോദരന് ഇറങ്ങിയപ്പോള്‍ ഇളയ കുട്ടിക്ക് ഇറങ്ങാനായില്ല.തുടര്‍ന്ന് കുട്ടിയെ കുറച്ചപ്പുറത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിനുത്തരവിട്ടു. കണ്ടക്ടര്‍ കുറ്റക്കാരനാണെന്നു വ്യക്തമായതിനെത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ആര്‍ടിഒ ബസ് പിടിച്ചെടുത്തു.
ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് കലക്ടര്‍ ജാഫര്‍ മാലിക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ മലപ്പുറം ആര്.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കുകയും ഇതിനായി 25/07/2019-ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ് .
ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം.