പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്ന പ്രഖ്യാപനങ്ങളിലൊന്ന് പുറത്ത് വന്നിരിക്കുകയാണ്. കരിയറിലെ അഞ്ചാമത്തെ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് വിനീത്ശ്രീനിവാസന്‍. വിനീതിന്റെ അടുത്ത ചിത്രമായ ഹൃദയത്തില്‍ പ്രണവ് നായകനാവുന്നുവെന്ന വാര്‍ത്ത വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നുവെങ്കിലും സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണം കഴിഞ്ഞ ദിവസമായിരുന്നു. സിനിമലോകത്തെ ഒന്നടങ്കം ആവേശത്തിലാക്കിയ ഈ പ്രഖ്യാപനവുമായെത്തിയത് മോഹന്‍ലാല്‍ തന്നെയാണ്. മോഹന്‍ലാലിന്റെ പോസ്റ്റ് വന്നതിനു പിന്നാലെയാണ് വിനീത്ശ്രീനിവാസനും, പ്രണവ് മോഹന്‍ലാലും ഹൃദയത്തെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ച് എത്തിയത്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും, വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രവുമാണ്. താരപുത്രന്മാര്‍ മാത്രമല്ല ചിത്രത്തില്‍ നായികയായെത്തുന്നത് താരപുത്രിയാണ്. പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.  വിശാഖ് സുബ്രഹ്മണ്യവും, നോബിള്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 ലെ ഓണത്തിനാണ് പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. താരങ്ങള്‍ ചേര്‍ന്ന് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചതുപോലെ അവരുടെ മക്കളില്‍ നിന്നും അത്തരമൊരു ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും.