തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷൻ P. S. ശ്രീധരൻപിള്ളയുടെ യുവമോർച്ച യോഗത്തിലെ പ്രസംഗം കേരളത്തിൽ മതധ്രുവീകരണം സൃഷ്ടിച്ചു ഹൈന്ദവദ്രുവീകരണരാഷ്ട്രീയത്തിന് കേരളത്തെ ഒറ്റു കൊടുത്തു സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണെന്നും, ഇത്തരത്തിലുള്ള വിഭാഗീയ പ്രസംഗത്തിനെതിരെ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ ആവശ്യപെട്ടു. ശബരിമലയെ അയോദ്ധ്യയെ പോലെ കലാപകലുഷിതമാക്കി രാഷ്ട്രീയമുതലെടുപ്പ് ആണ് ബിജെപി അമിത്ഷായുടെ കുതന്ത്രങ്ങളിലൂടെ ശ്രമിയ്ക്കുന്നതെന്ന കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന പ്രസംഗം ആണ് ശ്രീധരൻപിള്ള നടത്തിയത്. വിശ്വാസികൾ ആയ ഭക്തന്മാർക്ക് സമാധാനത്തോടെ അയ്യപ്പദർശനം ഇല്ലാതായിട്ടും, കലാപകലുഷിതമായി ശബരിമല മാറിയിട്ടും ഇതൊന്നും മുൻകൂട്ടി കാണുവാൻ കഴിയാത്ത സംസ്ഥാന ഇന്റലിജൻസ് പൂർണ പരാജയം ആണെന്നും, മുഖ്യമന്ത്രിയുടെ കൈവശം ഉള്ള ആഭ്യന്തരവകുപ്പ് ഇത്തരം സ്ഥിതിഗതികളെ അത്യന്തം ദോഷകരമായ ലാഘവബുദ്ധിയോടെ ആണ് കാണുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. ശബരിമലയുടെ മറവിൽ മതധ്രുവീകരണത്തിലൂടെ രാഷ്ട്രീയലാഭം കൊയ്യുക എന്നത് മാത്രമാണ് ബിജെപിയുടെയും,സിപിഎമ്മിന്റെയും അജണ്ടയെന്നും കെപിസിസി അധ്യക്ഷൻ പ്രസ്താവിച്ചു.