ബംഗളൂരു:കര്‍ണാടകത്തില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കെ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി.കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ 18 എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇതില്‍ പത്ത് പേര്‍ രാജിവച്ചവരാണ്.ഇതില്‍ ആറുപേര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് വിശദീകരണം നല്‍കി.രാജി പിന്‍വലിച്ച് തിരിച്ചുവരണമെന്ന് വിമത എംഎല്‍മാരോട് ആവശ്യപ്പെടുന്നതായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇവരാരും രാജി വച്ചിരിക്കുന്നത്. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പടെ ലഭിക്കില്ലെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കി.എംഎല്‍എമാര്‍ സ്വയം രാജിവെക്കാന്‍ തീരുമാനിച്ചതല്ല.പണവും അധികാരവും ഉപയോഗിച്ച് സര്‍ക്കാരിനെ താഴെയിടാന്‍ ബിജെപി ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
വിമതരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. സാഹചര്യം ഇങ്ങനെയായിരിക്കെ് കര്‍ണ്ണാടകയില്‍ അടുത്തയാഴ്ച സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.