ന്യൂഡല്‍ഹി:ബലാക്കോട്ട് ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ യാത്രാവിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാതയിലൂടെ പറക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത് നീക്കി. പുലര്‍ച്ചെ 12.41 മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാനുള്ള അനുമതി പാകിസ്ഥാന്‍ നല്‍കിയതായി വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
അതിര്‍ത്തിയിലെ വ്യോമസേനാ ബേസുകളില്‍ നിന്നും ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമെ വ്യോമപാത തുറക്കുകയുള്ളു എന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. പാക്കിസ്ഥാന്‍ വ്യോമമേഖല അടച്ചതോടെ ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് 550 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യോമയാന മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. എയര്‍ ഇന്ത്യക്ക് മാത്രം 491 കോടി രൂപയുടെ നഷ്ടം ഉണ്ടായി. വ്യോമമേഖല ഉപയോഗിക്കുന്നതിലുള്ള വിലക്ക് നീക്കുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നോട്ടാം(നോട്ടീസ് ടു എയര്‍മെന്‍) പുറത്തിറക്കി.