ന്യൂഡല്‍ഹി: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വിഭിന്നമായി പരാമര്‍ശത്തെ നടത്തിയതിനെത്തുടര്‍ന്ന് വിവാദത്തിലായ കെ ഇ ഇസ്മയിലിനെതിരെ ദേശീയ എക്സിക്യൂട്ടീവില്‍ തത്കാലം നടപടിയില്ല. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നേതൃത്വം കെ ഇ ഇസ്മയിലിന് നിര്‍ദ്ദേശം നല്കി.
ഇസ്മയിലിനെതിരായ വിവാദം അടഞ്ഞ അധ്യായമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. ആവശ്യമെങ്കില്‍ നടപടി അടുത്ത പാര്‍ട്ടി സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. എന്നാല്‍ തനിക്ക് സംഭവിച്ചത് നാക്ക് പിഴയാണെന്നായിരുന്നു ഇസ്മയിലിന്റെ വിശദീകരണം. തെറ്റ് സംഭവിച്ചെന്നു ഇനി ആവര്‍ത്തിക്കില്ലെന്നും ഇസ്മയില്‍ ദേശീയ സെക്രട്ടറിയേറ്റിനെ അറിയിച്ചു.
തോമസ് ചാണ്ടി രാജി വെക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിനെ ഇസ്മയില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കെഇ ഇസ്മയിലിന് എല്‍ഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വരുത്തിയിട്ടുള്ളൂവെന്നും അഭിപ്രായപ്പെട്ട ഇസ്മയില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടി നേതാക്കളുമായി ആലോചിക്കാതെയാണെന്നും പറഞ്ഞിരുന്നു. മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്ന കാര്യം തന്നെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് പല നേതാക്കള്‍ക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നും ഇസ്മയില്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ഇതാണ് വിവാദമായത്.
എന്നാല്‍ കെഇ ഇസ്മയിലിനെ തള്ളികൊണ്ടും പ്രസ്താവന ജാഗ്രതക്കുറവ് മൂലമാണെന്നും അഭിപ്രായപ്പെട്ട് അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവും രംഗത്തെത്തിയിരുന്നു. ഇതോടെ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലുള്ള ഭിന്നത പുറത്തുവരുകയായിരുന്നു.