ദില്ലി:വിവാഹേതരലൈംഗീകബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി.സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്ത് അല്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 വകുപ്പ്, ഏകപക്ഷീയവും,സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്നതും ആണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.വിവാഹേതരലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐപിസി 497 ആം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍,ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
ഒരു പുരുഷന്‍ വിവാഹിതയായ സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497ാം വകുപ്പ്.പുരുഷന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെങ്കിലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീക്ക് എതിരെ കേസ് എടുക്കാന്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ല്‍ വ്യവസ്ഥ ഇല്ല.കുറ്റകാരന്‍ ആണെന്ന് തെളിഞ്ഞാല്‍ പുരുഷന് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ടായിരുന്നു.
157 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് മലയാളി ആയ ജോസഫ് ഷൈന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധിവന്നത്.വിവാഹേതര ബന്ധത്തിന് കാരണം സന്തോഷമില്ലാത്ത ദാമ്പത്യം അല്ല.എന്നാല്‍ അസംതൃപ്തമായ ദാമ്പത്യം കാരണം വിവാഹേതര ബന്ധം ഉണ്ടാകാമെന്നും കോടതി പറഞ്ഞു.