ലക്‌നൗ:ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കിയതിനാണ് ഹസിന്‍ ജഹാനെ ഉത്തര്‍പ്രദേശിലെ അമ്രോഹ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഹസിന്‍ ജഹാനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
മുഹമ്മദ് ഷമിയുമായി അകന്നു കഴിയുകയായിരുന്ന ഹസില്‍ ജഹാന്‍ ഷഹാസ്പൂര്‍ അലി നഗറിലെ വീട്ടിലെത്തിയശേഷം ഷമിയുടെ വീട്ടുകാരുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് മുറിയില്‍ക്കയറി വാതില്‍ പൂട്ടുകയുമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാനുള്ള അവകാശവുമുണ്ടെന്നു പറഞ്ഞാണ് ഹസിന്‍ ഷമിയുടെ വീട്ടിലെത്തിയത്.എന്നാല്‍ ഷമിയുടെ വീട്ടുകാര്‍ താമസിപ്പിക്കില്ലെന്ന് പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.തുടര്‍ന്ന് പൊലീസെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുറച്ചുനാള്‍ മുന്‍പ് മുഹമ്മദ് ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹസിന്‍ രംഗത്തെത്തിയിരുന്നു. മുഹമ്മദ് ഷമി വഴിവിട്ട ജീവിതം നയിക്കുന്ന ആളാണെന്നും പാകിസ്താനിലെ മോഡലുമായി ബന്ധമുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു.ഇതേത്തുടര്‍ന്ന് ഷമിയുടെ വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു.ഐപിഎലിന്റെ 12-ാം സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് മുഹമ്മദ് ഷമി.