കൊച്ചി:പ്രതിസന്ധിയില്‍ നിന്നും പ്രതിഅന്ധിയിലേക്കു കുപ്പുകുത്തുന്ന കെഎസ്ആര്‍ടിസി വീണ്ടും കൂട്ടപ്പിരിച്ചു വിടലിനൊരുങ്ങുന്നു.കെഎസ്ആര്‍ടിസിയിലെ 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രില്‍ 30നകം പിരിച്ചുവിടണമെന്നാണ് ഉത്തരവ്. സര്‍വീസ് നിയമങ്ങളുടെ ലംഘനമാണ് ഇത്തരം നിയമനങ്ങളെന്ന് ജസ്റ്റീസുമാരായ വി ചിദംബരേഷ്, എ എം ബാബു എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2455 വേക്കന്‍സികളില്‍ പിഎസ് സിപിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കാനുള്ള അഡൈ്വസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കണം. ഈ മാസം 30-നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേര്‍ത്ത് തല്‍സ്ഥിതി വിവരറിപ്പോര്‍ട്ട് കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
2012 ആഗസ്റ്റ് 23 ന് നിലവില്‍ വന്ന പിഎസ് സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ചേര്‍ത്തല സ്വദേശി ആര്.വേണുഗോപാല്‍ ഉള്‍പ്പെടെ നാലു പേരാണ് അപ്പീല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.നേരത്തേ എംപാനല്‍ കണ്ടക്ടര്‍മാരെയും കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി ഉത്തരവനുസരിച്ച് 3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനെതിരെ എം പാനല്‍ കണ്ടക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് നിവൃത്തിയില്ലാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ എം പാനല്‍ കണ്ടക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു.
എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോള്‍ വലിയ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസി നേരിട്ടത്. സര്‍വീസുകള്‍ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ട അവസ്ഥ വന്നു.പല റൂട്ടിലും സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ ഒറ്റയടിക്ക് എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടാല്‍ പുതിയ നിയമനം നടത്തി പരിശീലനം നല്‍കും വരെ കെഎസ്ആര്‍ടിസി എങ്ങനെ സര്‍വീസ് നടത്തുമെന്നതാണ് വലിയ പ്രതിസന്ധി.