കൊച്ചി: ‘കടക്ക് പുറത്തെ’ന്ന ആക്രോശത്തിനു പിന്നാലെ വീണ്ടും മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണ ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്നതായിരുന്നു മാധ്യമങ്ങള്‍ക്ക നേരെയുള്ള മുഖ്യമന്തിയുടെ പ്രയോഗം.
കൊച്ചിയിലെ പാര്‍ട്ടി ഓഫിസില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം-സിപിഐ തര്‍ക്കത്തെക്കുറിച്ചു പ്രതികരണം തേടിയ മാധ്യമങ്ങളോടാണ്, ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്നു പറഞ്ഞ് മുഖ്യമന്ത്രി രോഷാകുലനായത്.
സര്‍ക്കാരിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങള്‍ രൂക്ഷമായതിന്റെ ദേഷ്യമാണ് മാധ്യമങ്ങളോടു പ്രകടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി കയര്‍ക്കുകയായിരുന്നു. പിന്നാലെ പൊലീസുകാരോടും ദേഷ്യത്തില്‍ സംസാരിച്ച് ഏതാനും നിമിഷം തിരിഞ്ഞുനിന്ന ശേഷമാണ് മുഖ്യമന്ത്രി സമ്മേളന ഹാളിലേക്കു കയറിയത്. തുടര്‍ന്നു പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയെല്ലാം അവിടെനിന്ന് പൊലീസ് പിടിച്ചുപുറത്താക്കി.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ രാജി വച്ചതിനെതുടര്‍ന്ന് സിപിഎം, സിപിഐ ബന്ധത്തില്‍ ഉടലെടുത്ത ഭിന്നത പരസ്യ പ്രസ്താവനകളിലും മുഖപത്രത്തിലെ മുഖപ്രസംഗത്തിലും വരെ എത്തിയ സാഹചര്യത്തിലായിരുന്നു മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രതികരണമാരായാനെത്തിയത്.