കണിച്ചുകുളങ്ങര:ഒപ്പം നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കൈവിടാതെ സര്‍ക്കാര്‍.വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡണ്ടായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നര കോടി രൂപയുടെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ ടൂറിസം വകുപ്പ് നിര്‍മ്മിക്കും.
ഈ മാസം 25 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന്റെ തറക്കല്ലിടും.വനിതാമതിലിലും ശബരിമല വിഷയത്തിലും സര്‍ക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളിയെ സര്‍ക്കാര്‍ സഹായിക്കുന്നത് ലോക് സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടാണ്.
സമദൂര സിദ്ധാന്തമായി മുന്നോട്ടുപോയ എന്‍എസ്എസ് ശബരിമല പ്രശ്‌നത്തോടെ സര്‍ക്കാരുമായും ഇടതുപക്ഷവുമായും പൂര്‍ണ്ണമായും അകന്നുകഴിഞ്ഞു.എന്‍എസ്എസ് നിലപാട് നിര്‍ണ്ണായകമാവുന്ന തെരഞ്ഞെടുപ്പു കൂടിയാണിത്.അതിനാല്‍ തന്നെ എസ്എന്‍ഡിപിയെ കൂടെ നിര്‍ത്തേണ്ടത് ഇടതുമുന്നണിയുടെ ആവശ്യമാണ്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന വെള്ളാപ്പള്ളി സമുദായംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.തുടര്‍ന്നിങ്ങോട്ട് സര്‍ക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളിയെ സര്‍ക്കാര്‍ വനിതാ മതിലിന്റെ സംഘാടക സമിതി ചെയര്‍മാനുമാക്കി.നാളിതുവരെ പുരോഗമനപരമായ ആശയങ്ങളോ ഉറച്ച നിലപാടുകളോ മുന്നോട്ടുവച്ചിട്ടില്ലാത്ത വെള്ളാപ്പള്ളിയെ നവോത്ഥാന മതിലിന്റെ ഭാരവാഹിയാക്കിയതില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.