ദില്ലി:മുസ്‌ളീംലീഗിനെ വൈറസ് എന്നു സംബോധന ചെയ്ത യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കാന്‍ പാര്‍ട്ടിനേതൃത്വം ഒരുങ്ങുന്നു.വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാന്‍ പതാക ഉപയോഗിക്കുന്നവരെന്ന് ആരോപിക്കുകയും ചെയ്ത യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് ഇന്ന് പരാതി നല്‍കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ഇന്ന് പരാതി നല്‍കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു. മുസ്ലീം ലീഗ് പതാകയും പാക്കിസ്ഥാന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണെന്നും ഇതും പരാതിയില്‍ ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദുഷ്ടലാക്കോടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
മുസ്ളീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റുവെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗിയുടെ പരാമര്‍ശം.രാഹുല്‍ ലീഗിന്റെ പിന്തുണയോടെ മല്‍സരിക്കുന്നതിനെതിരെയാണ് യോഗി ആദിത്യനാഥ് ആഞ്ഞടിച്ചത്. മുസ്ലീം ലീഗ് എന്ന വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകമാനം പടരുമെന്നും യോഗി ഇന്നലെ ട്വിറ്ററിലൂടെയാണ് പ്രസ്താവിച്ചത്.