തിരുവനന്തപുരം: വൈറോളജി ഗവേഷണകേന്ദ്രം അടുത്തവര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങുന്നരീതിയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബയോ ടെക്‌നോളജി കമ്മീഷന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വൈറോളജി സമ്മേളനം ഉദ്ഘാടനവും വൈറോളജി ഗവേഷണ കേന്ദ്രത്തിന്റെ പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരത്തെ നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി കൃത്യമായ സമയപരിധിക്കുള്ളില്‍ നടപ്പാക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരുടെ ഉള്‍പ്പെടെ സഹകരണം ലഭ്യമാക്കാനാണ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇക്കാര്യത്തിലുണ്ടാകും. തുടര്‍പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം പൂര്‍ത്തിയാക്കാനാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പദ്ധതിരേഖ തയാറാക്കുന്നതിനുള്ള കരട് അടിസ്ഥാനരേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.സുരേഷ് ദാസ് അധ്യക്ഷത വഹിച്ചു.