എടത്വാ : ഓൺലൈൻ തട്ടിപ്പ് ശ്രമം അന്വേഷിച്ച് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്കി. കഴിഞ്ഞ ദിവസം തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്കാണ് ‘സ്നാപ്ഡീൽ ‘ കമ്പിനിയിൽ നിന്ന് എന്നു തോന്നിപ്പിക്കുന്ന നിലയിലുള്ള തപാൽ വന്നത്. തപാൽ വകുപ്പിൽ നിന്നും വ്യാജ അഡ്രസും മറ്റും കാണിച്ച് ലൈസൻസ് എടുത്തതിന് ശേഷം ആണ് ഈ തട്ടിപ്പ് നടത്തുന്നത്. കവറിന് മുകളിൽ ഉള്ള തപാൽമുദ്ര ഏതൊരു വൃക്തിയെയും വിശ്വസിപ്പിക്കും.ഓരോ ഇരുപ്പടികളും അയക്കുന്നതിന് മുൻകൂർ ആയി പണം അടയ്ക്കുന്നത് മൂലം സ്റ്റാമ്പ് പതിപ്പിക്കേണ്ട ആവശ്യമില്ല. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് അന്വേഷണവും നടത്തിയതിന് ശേഷം മാത്രമാണ് കമ്പിനിക്ക് ഇപ്രകാരം ലൈസൻസ് നല്കുന്നത്.ഈ ലൈസൻസ് എപ്രകാരം നേടിയെടുത്തുയെന്നുള്ളത് അന്വേഷിക്കണമെന്ന് കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രിക്ക് അയച്ച പരാതിയിലുടെ മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടു.
കവറിനുള്ളിൽ ഉണ്ടായിരുന്ന വിശദമായ അറിയിപ്പുകൾ അടങ്ങിയ കത്തിനോടൊപ്പം മൂന്ന്
കൂപ്പണുകൾ ഉണ്ടായിരുന്നു. ഒരു കൂപ്പൺ 1 ലക്ഷം രൂപയുടെയും മറ്റ് രണ്ടു കൂപ്പണുകൾ സ്ക്രാച്ച് ആന്റ് വിൻ എന്ന പദ്ധതിയിലൂടെ നേടുന്നതിന് പത്ത് ലക്ഷം രൂപയുടെ കൂപ്പണുകളും ആയിരുന്നു.കവറിനുള്ളിലെ നോട്ടീസിൽ പ്രതിപാദിച്ചിരുന്ന പ്രകാരം ഹെൽപ് ലൈൻ നമ്പരിലേക്ക് വിളിച്ചു.
പിന്നീടാണ് ഓൺ ലൈൻ തട്ടിപ്പിന്റെ യഥാർത്ഥ മുഖം വ്യക്തമായത്.പലരും മാറി മാറി ഡോ.ജോൺസൺ വി. ഇടിക്കുളയെ വിളിക്കുവാൻ തുടങ്ങി.തൊട്ടടുത്ത ദിവസം തന്നെ
21 ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും ഉടൻ തന്നെ അക്കൗണ്ട് നമ്പർ കൊടുക്കണമെന്നും അറിയിച്ചു. എന്നാൽ അക്കൗണ്ട് നമ്പർ കൊടുക്കാൻ വൈകിയതിനെ തുടർന്ന് ടെലിഫോൺ വിളി ശല്യമായി. ഒടുവിൽ ഒരു അക്കൗണ്ട് നമ്പർ നല്കി.ഉടൻ അടുത്ത ടെലിഫോൺ എത്തി. 21 ലക്ഷം രൂപയുമായി ബാങ്കിൽ എത്തിയെന്നും ജി.എസ്.ടിയായുള്ള തുക ഉടൻ ഡോ.ജോൺസൺ വി. ഇടിക്കുള അവർ നല്കുന്ന അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നും ആവശ്യപെട്ടു. 21 ലക്ഷം രൂപായിൽ നിന്നും ജി.എസ്.ടിയായുള്ള തുക കുറവ് ചെയ്തിട്ട് അക്കൗണ്ടിലേക്ക് അയച്ചാൽ മതി എന്ന് ഡോ.ജോൺസൺ വി. ഇടിക്കുള മറുപടി നല്കിയതോടെ അങ്ങേ തലയ്ക്കൽ സംഭാഷണം അവസാനിപ്പിച്ചു.
സ്നാപ് ഡീൽ കമ്പിനി അധികൃതരുമായി ബന്ധപെട്ട് ഡോ.ജോൺസൺ വി. ഇടിക്കുള തനിക്ക് ലഭിച്ച കത്തിനെ കുറിച്ച് സൂചിപ്പിച്ചു.അങ്ങനെ യാതൊരു വിധ പദ്ധതികളും കമ്പിനിക്ക് ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. സമാനമായ നിലയിൽ ഉള്ള ധാരാളം തട്ടിപ്പുകൾ ആണ് ഇപ്പോൾ വർദ്ധിച്ചു വരുന്നത്.