തിരുവനന്തപുരം:ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം.സംസ്ഥാനത്തൊട്ടാകെ ബസുകള്‍ക്കുനേരെ വ്യാപകമായ കല്ലേറുണ്ടായി.കണ്ണൂരില്‍ കടകള്‍ അടിച്ചുതകര്‍ത്തു. കോഴിക്കോട് റോഡുപരോധവും ബസുകള്‍ക്കുനേരെ കല്ലേറുമുണ്ടായി.മിക്കയിടങ്ങളിലും കെഎസ്ആര്‍ടിസി യും സ്വകാര്യബസുകളും സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ പോലീസ് സംരക്ഷണത്തില്‍ ഓടുന്നുണ്ട്.തിരുവനന്തപുരത്ത് പോലീസ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും റെയില്‍വെ സ്റ്റേഷനിലടക്കം രാവിലെ വന്നിറങ്ങിയവര്‍ ഹര്‍ത്താലില്‍ ബുദ്ധിമുട്ടുകയാണ്.കൊയിലാണ്ടിയില്‍ കെ എസ് ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് നടന്നു.പാലക്കാട് വെണ്ണക്കരയില്‍ ഇ എം എസ് സ്മാരക വായനശാല യ്ക്ക് തീവച്ചു.എറണാകുളത്ത് സിപിഎം ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു. പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിച്ചു.കൊട്ടാരക്കരയില്‍ റോഡില്‍ ടയറുകള്‍ കത്തിച്ച് ഗതാഗതം തടസ്സപ്പടുത്തി.
ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നു.എന്നാല്‍ കടകള്‍ തുറക്കുന്ന കാര്യത്തില്‍ വേണ്ട സുരക്ഷ പോലീസിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.ഹര്‍ത്താല്‍ ദിനത്തിലുണ്ടാവുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ ചീഫ് സെക്രട്ടറിയുടേയും സംസ്ഥാന പൊലീസ് മേധാവിയുടേയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.