ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രവേശന വിധി സംബന്ധിച്ച കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്മാറി.ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള,തന്ത്രി കണ്ഠര് രാജീവര്, ബിജെപി നേതാവ് മുരളീധരന് ഉണ്ണിത്താന്,പന്തളം കുടുംബാംഗം രാമരാജ വര്‍മ്മ,കൊല്ലം തുളസി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കേസ്.അറ്റോര്‍ണി ജനറല്‍ അപേക്ഷകള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറി.ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷയില്‍ തീരുമാനമെടുക്കുമെന്ന് തുഷാര്‍ മേത്ത അറിയിച്ചു.
അറ്റോര്‍ണി ജനറല്‍ പദവിയിലെത്തുന്നതിന് മുന്‍പ് കെ.കെ വേണുഗോപാല്‍ ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായിരുന്നു.സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു അന്ന് അദ്ദേഹം കോടതിയില്‍ സ്വീകരിച്ചത്. അതിനാലാണ് ഇപ്പോഴത്തെ കേസില്‍ നിന്നും അദ്ദേഹം പിന്മാറിയതെന്നാണ് സൂചന.