സന്നിധാനം:ശബരീമലയില്‍ ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ സ്വദേശിനി മടങ്ങിപ്പോയി.പോലീസ് മടക്കി അയച്ചെന്നാണ് ഇവര്‍ പറയുന്നത്.47കാരിയായ ശശികലയാണ് ഇന്നലെ വൈകുന്നേരം 7 മണിയോടെ മല കയറാന്‍ തുടങ്ങിയത്.എന്നാല്‍ മരക്കൂട്ടത്ത്‌വച്ച് ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞതിനാലാണ് തിരിച്ചയച്ചതെന്നാണ് പോലീസ് പറയുന്നത്.
പൊലീസിന്റെ അനുമതിയോടെയാണ് ശശികല ദര്‍ശനത്തിനെത്തിയത്.താന്‍ വ്രതമെടുത്തു വന്നതാണെന്നും തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നും പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞു.ശശികലയ്‌ക്കൊപ്പമെത്തിയ ഭര്‍ത്താവും മകനും ദര്‍ശനം നടത്തി.
അതേസമയം ഇന്നു പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്ററിനെ പമ്പയില്‍വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു.തേനി സ്വദേശി കയലിനെയാണ് തടഞ്ഞത്.പുലര്‍ച്ചെ ആറരയോടെ പമ്പയില്‍ നിന്നും കാനനപാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.ആദ്യം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധം തുടങ്ങിയതോടെ അയ്യപ്പ ഭക്തരും പ്രതിഷേധത്തിനൊപ്പം ചേരുകയായിരുന്നു.17 വര്‍ഷമായി മല ചവിട്ടുന്നുവെന്നാണ് കയല്‍ അറിയിച്ചത്.എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഇവര്‍ മടങ്ങുകയായിരുന്നു.മണ്ഡലപൂജയുടെ സമയത്ത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പ്രതിഷേധങ്ങളില്ലാതെ ദര്‍ശനം നടത്തി മടങ്ങിയിരുന്നു.