തിരുവനന്തപുരം:ശബരീമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷം അഴിച്ചുവിട്ടു.തിരുവനന്തപുരത്ത് ബിജെപി സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും അക്രമം നടന്നു.അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ പോലീസ് സ്റ്റേഷനിലേക്കും ഇന്റലിജന്‍സ് വിഭാഗം ജാഗ്രതാ നിര്‍ദ്ദേശം അയച്ചു.
സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ അക്രമവും കല്ലേറും നടന്നു.പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.സിപിഎം ബിജെപി പ്രവര്‍ത്തകര്‍ മുഖാമുഖം നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് അക്രമം തുടങ്ങിയത്.മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മുകാര്‍ക്ക് നേരെ കല്ലേറ് നടത്തി.തുടര്‍ന്ന് സിപിഎമ്മുകാര്‍ തിരിച്ചും കല്ലേറ് തുടങ്ങി. കല്ലേറ് രൂക്ഷമായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്തതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ഇവിടെ ഇപ്പോഴും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്കും ഓടിക്കയറിയിരുന്നു.ക്ലിഫ് ഹൗസിന് മുന്നിലും ശബരിമല കര്‍മസമിതി പ്രതിഷേധിച്ചു.
നെയ്യാറ്റിന്‍കരയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി.തൃശൂര്‍ വടക്കാഞ്ചേരിയിലും അക്രമികള്‍ കടകളെല്ലാം അടപ്പിക്കുകയാണ്.തൃശ്ശൂരില്‍ ബസ് സര്‍വീസ് ഭാഗികമായി നിര്‍ത്തി. ആലപ്പുഴ മാവേലിക്കരയിലും ബിജെപി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു.ഗുരുവായൂര്‍ കിഴക്കേനടയില്‍ പോലീസിനുനേരെ കല്ലേറുണ്ടായി.ഇപ്പോഴും സംസ്ഥാനത്തൊടട്ാകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.