പത്തനംതിട്ട:ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍.സര്‍ക്കാരിന് മാന്യതയുണ്ടായിരുന്നെങ്കില്‍ ജനുവരി 22 വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചേനെയെന്ന് സെന്‍കുമാര്‍ പറഞ്ഞു.പന്തളത്ത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല കര്‍മ്മസമിതിയുടെ ദേശീയതലത്തിലുള്ള ഭാരവാഹിയായ സെന്‍കുമാര്‍ അയ്യപ്പജ്യോതിയിലും പങ്കെടുത്തിരുന്നു.
രഹ്നാ ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് പിന്നില്‍ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണം.മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താല്പര്യങ്ങളും കാണും, പക്ഷേ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായശ്ചിത്തമായാണ് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ പരിപാടി സംഘടിപ്പിച്ചത്.പന്തളം കൊട്ടാരത്തിലെ ശശികുമാര വര്‍മ്മ,ആര്. ചന്ദ്രശേഖരന് തുടങ്ങിയവരും പങ്കെടുത്തു.