കൊച്ചി:ശബരിമലയിലെ യുവതീപ്രവേശനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി.യുവതികള്‍ മല കയറിയ സംഭവത്തില്‍ രഹസ്യ അജന്‍ഡയുണ്ടായിരുന്നോ എന്ന് വാദത്തിനിടെ ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ അവിടെ വന്നതെന്നും ഹൈക്കോടതി ചോദിച്ചു.യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ആരുടെ എങ്കിലും നിര്‍ബന്ധപ്രകാരമാണോ യുവതികള്‍ മല കയറിയത്.സര്‍ക്കാരിന് അജണ്ട ഉണ്ടെന്ന് പറയുന്നില്ല. പക്ഷെ അജണ്ട ഉള്ളവരെ തിരിച്ചറിയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ പുറത്തു നിന്നുള്ള ഏജന്‍സിയെ കൊണ്ടു വരുമെന്നും ശബരിമല വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും കോടതി പറഞ്ഞു.ശബരിമല ദര്‍ശനം നടത്തിയവര്‍ വിശ്വാസികളാണെന്ന് സര്‍ക്കാര്‍ മറുപടി നല്കി. ഇക്കാര്യത്തില്‍ വിശദമായ വിശദീകരണം രേഖമൂലം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. മനിതി സംഘത്തിന്റെ വാഹനം പമ്പയിലേക്ക് കടത്തി വിട്ട സംഭവത്തിലും കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
നിലയ്ക്കല്‍ തൊട്ടു പന്പ വരെ സര്‍ക്കാര്‍ വാഹനങ്ങള്‍ അല്ലാതെ മറ്റുള്ള വാഹനങ്ങള്‍ കടത്തി വിടരുത് എന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കേ എങ്ങനെയാണ് സ്വകാര്യ വാഹനം കടത്തി വിട്ടതെന്നും ഇത് കോടതീയലക്ഷ്യമാകുമെന്നും കോടതി നിരീക്ഷിച്ചു.