കൊല്ലം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയതിന് കേസില്‍പ്പെട്ട നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി.ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലാണ് കീഴടങ്ങിയത്.നേരത്തേ കേസില്‍ കൊല്ലം തുളസിയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.അറസ്റ്റ് ഉണ്ടാവുമെന്ന സാഹചര്യത്തിലാണ് കൊല്ലം തുളസി കീഴടങ്ങിയത്.
ഒക്ടോബര്‍ 12 ന് ചവറയില്‍ ബിജെപി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട സമ്മേളനത്തിലാണ് കൊല്ലം തുളസി വിവാദപ്രസംഗം നടത്തിയത്. ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ദില്ലിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും എറിഞ്ഞു കൊടുക്കണമെന്നായിരുന്നു പ്രസംഗം.യുവതീ പ്രവേശന വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.
പ്രസംഗത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ കൊല്ലം തുളസിക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു.പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തത്.