പൊൻകുന്നം: മുൻ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ചെറുവള്ളി ദേവിക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ വ്യാഴാഴ്ച ഉദയാസ്തമയ പ്രാർഥനാ യജ്ഞം ഇന്ന് നടത്തും. ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരാനിരിക്കെ ഭക്തർക്ക് അനുകൂലമായ വിധിയുണ്ടാകണമെന്ന പ്രാർഥനയോടെയാണ് കോടതി വ്യവഹാരങ്ങളിൽ അനുഗ്രഹമുണ്ടാകുന്നതിന് വഴിപാട് നടത്താറുള്ള ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്നത്. ശബരിമല വിഷയത്തിൽ കോടതിനടപടികളുടെ എല്ലാ ഘട്ടത്തിലും പ്രയാർ ഇവിടെ പ്രാർഥനയും വഴിപാടും നടത്തിയിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച രേഖകളുടെ പകർപ്പുകൾ കോവിൽ നടയിൽ സമർപ്പിച്ചായിരുന്നു ചടങ്ങുകളെല്ലാം. സുപ്രീംകോടതി ഭരണഘടനാബഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദുമൽഹോത്ര ശബരിമലയിലെ യുവതിപ്രവേശന വിഷയത്തിൽ സ്വീകരിച്ച നിഗമനങ്ങൾ അംഗീകരിച്ച് നിലവിലുള്ള ഉത്തരവ് റദ്ദാക്കി ഭക്തസമൂഹത്തെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെയാണ് പ്രാർഥനായജ്ഞമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീംകോടതി വിധി പിണറായി വിജയൻ സർക്കാർ ചോദിച്ചു വാങ്ങിയതാണെന്നും പ്രയാർ ആരോപിച്ചു. 2006 ജൂലായ് 28-ന് യങ്ലോയേഴ്സ് ഫോറം യുവതിപ്രവേശം ആവശ്യപ്പെട്ട് പൊതുതാത്പര്യഹർജി സമർപ്പിച്ചപ്പോൾ അന്ന് അച്ചുതാനന്ദൻ സർക്കാർ ഹർജിക്ക് അനുകൂലമായ സത്യവാങ്മൂലം സുപ്രീംകോടതിയിൽ നൽകുകയായിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഈ സത്യവാങ്മൂലം മാറ്റി നൽകിയെങ്കിലും തുടർന്നുവന്ന പിണറായി വിജയൻ സർക്കാർ മുൻഇടതുസർക്കാരിന്റെ സത്യവാങ്മൂലം പുന:സ്ഥാപിച്ച് വിശ്വാസി സമൂഹത്തെ വഞ്ചിക്കുകയായിരുന്നു. അന്ന് ദേവസ്വംബോർഡ് പ്രസിഡന്റായിരുന്ന തന്റെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി കേസ് നടത്തുവാൻ നടപടി സ്വീകരിച്ചപ്പോൾ സർക്കാർ ബോർഡ് പിരിച്ചുവിട്ടതാണ്. വിശ്വാസി സമൂഹത്തിന് എതിരുനിന്ന സർക്കാരിന് 19 ലോകസഭാംഗങ്ങളെ എതിർപക്ഷത്തുനിന്ന് തിരഞ്ഞെടുത്ത് അവർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ സി.പി.എമ്മും സംസ്ഥാനസർക്കാരും വിശ്വാസികൾക്കൊപ്പമാണെന്ന അടവുനയം പോളിറ്റ്ബ്യൂറോ മുതൽ പ്രഖ്യാപിച്ചിട്ടും സർക്കാർ നയത്തിൽ യാതൊരു വ്യത്യാസവുമില്ലെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.