തേനി:ശബരിമല വിഷയവും സൈന്യവും ബിജെപിയുടെ ശക്തമായ പ്രചരണായുധങ്ങള്‍ തന്നെയാണെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെക്കേ ഇന്ത്യയിലെ തെരഞ്ഞെടുപ്പു റാലികളിലെ പ്രസംഗങ്ങള്‍. കേരളത്തില്‍ അയ്യപ്പ ഭഗവാന്റെ പേരു പറയാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് മംഗലാപുരത്തെ തെരഞ്ഞെടുപ്പു റാലിയില്‍ മോദി വിമര്‍ശിച്ചു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നതിനാലാണ് ഈ അവസ്ഥയുണ്ടായതെന്നും ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് അയ്യപ്പന്റെ പേരില്‍ 15 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്നും നരേന്ദ്രമോദി ആരോപിച്ചു.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും സിപിഎമ്മും ലീഗും നടത്തുന്നത് അപകടകരമായ കളിയാണ്. എന്നാല്‍ ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണെന്നും നരേന്ദ്രമോദി തേനിയില്‍ ബിജെപി പ്രചാരണ റാലിയില്‍ പറഞ്ഞു.
അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിക്കരുതെന്ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ട്. അതേസമയം സൈന്യത്തിന്റെ നേട്ടങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ആരോപണങ്ങള്‍ക്കിടയിലും മോദി സൈനയത്തിന്റെ കാര്യവും പ്രസംഗങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ബലിദാനികളെ കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടാകുന്നു. തീവ്രവാദികളെ അവരുടെ താവളങ്ങളില്‍ കയറി കീഴ്പ്പെടുത്തുന്നതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് സൈന്യാധിപനെ പോലും അവഹേളിക്കുകയാണെന്നും മോദി ആരോപിച്ചു.