പത്തനംതിട്ട:ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി നേതാവ് കെ.സുരേന്ദ്രനും മറ്റ് 72 പേര്‍ക്കും പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചു.ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്,50,000 രൂപയുടെ വീതം ആള്‍ ജാമ്യം നല്‍കണം എന്നീ ഉപാധികളോടെയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.ശബരിമല ദര്‍ശനം അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി.ഇനി ഈ മണ്ഡലകാലത്ത് സുരേന്ദന് ശബരിമലയില്‍ പ്രവേശിക്കാനാവില്ല.
എന്നാല്‍ കെ.സുരേന്ദ്രന് കണ്ണൂരില്‍ പോലീസ് സ്്‌റ്റേഷന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സുരേന്ദ്രന് വാറണ്ടുണ്ട്.അതിനാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാവുകയുള്ളു.
നിരോധനാജ്ഞ ലംഘിച്ചു ശബരിമലയില്‍ പോകാനൊരുങ്ങിയതിനെത്തുടര്‍ന്ന് നിലയ്ക്കലില്‍ വെച്ചാണ് കെ.സുരേന്ദ്രന്‍ അറസ്റ്റിലായത്.ആറ് പേര്‍ക്കൊപ്പം മല കയറാനൊരുങ്ങിയ സുരേന്ദ്രനോട് രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്ന് എസ്പി പറഞ്ഞു. മടങ്ങിപ്പോകാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും സന്നിധാനത്തേക്ക് കയറുമെന്ന ഉറച്ച നിലപാടെടുത്തതോടെ പോലീസും സുരേന്ദ്രനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തുടര്‍ന്ന് സുരേന്ദ്രനടക്കം നാലു പേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് അറസ്റ്റിലായവരാണ് ബാക്കി പ്രതികള്‍. ഇവരെ റിമാന്‍ഡ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.