ന്യൂഡല്‍ഹി:ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് സുപ്രീംകോടതി ചേംബറില്‍ ഹര്‍ജികള്‍ പരിശോധിക്കും.48 പുനഃപരിശോധന ഹര്‍ജികളാണ് പരിഗണിക്കുക.കോടതിക്ക് മുന്നിലുള്ള നാല് റിട്ട് ഹര്‍ജികളും ഇന്ന് ഉച്ചയ്ക്ക് മുമ്പ് പരിശോധിക്കും.
ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ ഇരുന്നാകും പരിശോധിക്കുക. ജസ്റ്റിസുമാരായ റോഹിന്റന്‍ നരിമാന്‍, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.കാന്‍വീല്‍ക്കര്‍,ഇന്ദുമല്‍ഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. ഹര്‍ജികളില്‍ നേരിട്ടുള്ള വാദമില്ല. അഭിഭാഷകര്‍ക്കുള്‍പ്പെടെ ആര്‍ക്കും ചേംബറില്‍ പ്രവേശനമില്ല.                                                                                                                                            പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കും. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ പ്രസിഡന്റ് ശൈലജ വിജയന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളി സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയത്.റിട്ട് ഹര്‍ജികളിലെ ആവശ്യം നേരത്തെ ഭരണഘടന ബെഞ്ച് പരിശോധിച്ചതാണ്. അതുകൊണ്ട് ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്നതാകും പരിശോധിക്കുക.