സന്നിധാനം:ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഭക്തര്‍ക്കുള്ള അസൗകര്യങ്ങള്‍ മറച്ച് പിടിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ആരോപിച്ചു.സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും അനാസ്ഥ കാരണം അയ്യപ്പഭക്തര്‍ വലിയ ദുരിതത്തിലാണെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അടൂര്‍ പ്രകാശ്,വി.എസ്.ശിവകുമാര്‍ എന്നിവരും തിരുവഞ്ചൂരിനൊപ്പമുണ്ടായിരുന്നു.തീര്‍ത്ഥാടകര്‍ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടി നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
നിയന്ത്രണത്തിന്റെ ഭാഗമായി മണിക്കൂറുകളോളം തീര്‍ത്ഥാടകര്‍ കയറിയ കെ.എസ്.ആര്.ടി.സി ബസുകള്‍ നിലയ്ക്കലില്‍ പിടിച്ചിടുന്നു.കുട്ടികള്‍ അടക്കമുള്ളവര്‍ ഭക്ഷണമോ വെള്ളമോ ഒന്നും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. കെ.എസ്.ആര്.ടി.സി ശുചിമുറി ബ്ലോക്ക്,ക്ലോക്ക് റൂം,സ്നാനഘട്ടം തുടങ്ങിയവയിലും നേതാക്കള്‍ സന്ദര്‍ശിച്ചു.ഭക്തരും പൊലീസുകാരും കെ.എസ്.ആര്.ടി.സി ജീവനക്കാരും തങ്ങളുടെ പ്രശ്നങ്ങള്‍ നേതാക്കളെ അറിയിച്ചു.