പമ്പ:ശബരിമലയില്‍ ഇന്നും മല കയറാനെത്തിയ സ്ത്രീകള്‍ക്കെതിരെ വലിയ പ്രതിഷേധം നടന്നു. തെലങ്കാനയില്‍ നിന്നും വന്ന അമ്പത് വയസ്സിന് താഴെയുള്ള നാല് യുവതികളെയാണ് ഇന്ന് ഭക്തര്‍ തടഞ്ഞുവച്ചു. ഒറ്റ തീര്‍ത്ഥാടക സംഘത്തില്‍പ്പെട്ട ഇവരെല്ലാവരും ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്.
വാസന്തി, ആദിശേഷി എന്നീ രണ്ട് സ്ത്രീകള്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് മല കയറാന്‍ തുടങ്ങിയപ്പോഴേക്കും ഒരു സംഘമാളുകള്‍ ചുറ്റുംകൂടി ശരണം വിളി തുടങ്ങി.തുടര്‍ന്ന് പൊലീസെത്തി ഇവരെ ഗാര്‍ഡ് റൂമിലേയ്ക്ക് മാറ്റി.സംരക്ഷണം ആവശ്യമെങ്കില്‍ തരാമെന്നും എന്നാല്‍ എതിര്‍പ്പുണ്ടാകുമെന്നും പൊലീസ് അറിയിച്ചതോടെ ഇവര്‍ മല കയറുന്നതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
മരക്കൂട്ടത്ത് വച്ച് ഈ സംഘത്തിലുള്ള മറ്റൊരു സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞു.സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ഇവര്‍ക്ക് മുന്നില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.തുടര്‍ന്ന് പൊലീസെത്തി ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പമ്പയില്‍ വച്ചാണ് നാലാമത്തെ സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞത്.ശരണം വിളികളുമായി ഇവരുടെ ചുറ്റും ആളുകള്‍ കൂടിയതോടെ പൊലീസുകാരെത്തി ഇവരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി.