തിരുവനന്തപുരം:പ്രതിഷേധം മലയിറങ്ങുന്നു.ശബരിമല വിഷയത്തില്‍ പ്രതിഷേധം തലസ്ഥാനത്തേക്ക് മാറ്റി ബിജെപി.ഡിസംബര്‍ മൂന്ന് മുതല്‍ 15 ദിവസം ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സന്നിധാനത്തും ശബരിമലയിലും ബി.ജെ.പി സമരം നടത്തിയിട്ടില്ല.ശബരിമല കര്‍മസമിതി സന്നിധാനത്തും മറ്റും നടത്തിയ പ്രതിഷേധത്തിന് ബി.ജെ.പി പിന്തുണ നല്‍കുകയായിരുന്നു. ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയിട്ടില്ല. ശബരിമലയിലേക്ക് പോയ സുരേന്ദ്രനില്‍ നിന്നും എന്തെങ്കിലും തെറ്റുണ്ടായോ എന്ന് തനിക്ക് അറിയില്ല. എന്നാല്‍ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്നും മനുഷ്യാവകാശങ്ങള്‍ പോലും പാടേ ലംഘിച്ചാണ് അദ്ദേഹത്തെ ജയിലില്‍ ഇട്ടിരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പി.സി.ജോര്‍ജുമായി ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സഹകരിക്കാന്‍ മാത്രമേ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളൂ.മറ്റ് കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ന് യുവമോര്‍ച്ച നിലയ്ക്കലില്‍ പ്രതിഷേധം നടത്തുമെന്നറിയിച്ചിരുന്നെങ്കിലും പിന്‍മാറിയിരുന്നു.ശബരിമലയില്‍ പ്രതിഷേധം പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധപ്രകടനം മാറ്റിയതെന്നാണറിയുന്നത്.