പമ്പ:ശബരിമലയില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ട് പ്രതിഷേധക്കാര്‍.റിപ്പബ്‌ളിക് ടിവി,ന്യൂസ് 18,ദ ന്യൂസ് മിനിറ്റ് എന്നീ മാധ്യമങ്ങളിലെ വനിതാറിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്.ചാനലുകളുടെ വാഹനങ്ങളും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.
പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിട്ടിന്റെ റിപ്പോര്‍ട്ടര്‍ സരിതാ എസ് .ബാലനു നേരെ ആക്രമണമുണ്ടായത്. ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്‍മാര്‍ മാന്യമായി പെരുമാറിയപ്പോള്‍ നിലയ്ക്കല്‍ മേഖലയില്‍ തമ്പടിച്ച ആള്‍കൂട്ടമാണ് ആക്രമിച്ചതെന്ന് സരിത പറയുന്നു.ബസിനുള്ളില്‍ നിന്ന തന്നെ കണ്ടതോടെ ആള്‍ക്കൂട്ടം ഇരച്ച് കയറി അസഭ്യവര്‍ഷം നടത്തിയെന്നും ബസില്‍ നിന്ന് ഇറക്കിവിട്ടെന്നും സരിത വ്യക്തമാക്കി.
നേരത്തെ റിപ്പബ്‌ളിക് ടിവി റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയേയും ക്യാമറാമാന്‍ ശ്രീകാന്തിനേയും പ്രതിഷേധക്കാര്‍ ആക്രമിച്ചു.പലരും മുഖം മറച്ചാണ് ആക്രമണം നടത്തിയത്.ന്യൂസ് 18 മാധ്യമസംഘത്തിന് നേരെയും ആക്രമണം നടത്തുകയും കാര്‍ അടിച്ച് തകര്‍ക്കുകയും മാധ്യമ പ്രവര്‍ത്തകയെ ആക്രമിക്കുകയും ചെയ്തു.സ്ത്രീകള്‍ക്ക് നേരെ കടുത്ത ഭാഷയിലാണ് പ്രതിഷേധക്കാര്‍ അസഭ്യവര്‍ഷം നടത്തിയത്.