തിരുവനന്തപുരം:ശബരിമലയില്‍ വീണ്ടും നിലപാട് മാറ്റവുമായി ദേവസ്വം ബോര്‍ഡ്.മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നാണ് നേരത്തേ ദേവസ്വം ബോര്‍ഡ് പറഞ്ഞത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് കോടതി വിധി നടപ്പാക്കുന്നതില്‍ പ്രത്യേക താത്പര്യമോ താത്പര്യമില്ലായ്മയോ ഇല്ലെന്നും പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.
പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ല.വനിതാ പോലീസിനെ ശബരിമലയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല.നിലവിലുള്ള സ്ഥിതിഗതികളെല്ലാം ഹൈക്കോടതിയെ അറിയിക്കും.കോടതിയുടെ നിര്‍ദേശത്തിനനുസരിച്ച് ആലോചിച്ച് മുന്നോട്ടു പോകുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി.