കൊല്ലം:ശാസ്ത്രത്തെക്കൂടി ഹൈന്ദവവത്ക്കരിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ശാസ്ത്രീയ തെളിവുണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിക്കാനാണ് അക്കാദമിക് മേഖലയിലുള്ളവര്‍ മത്സരിക്കുന്നത്. അക്ഷയത്രീതീയ,ബാധ ഒഴിപ്പിക്കല്‍,കമ്പ്യൂട്ടര്‍ ജാതകം, ഓജോ ബോര്‍ഡ് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ കേരളത്തിലും വ്യാപകമാകുന്നു.ഇതിനെതിരെ ബോധവത്ക്കരണം ശക്തമാക്കണ മെന്നും 31-ാമത് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് കൊല്ലത്ത് ഉദ്്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രപുരോഗതി നേടിയ രാജ്യത്തെ ജനങ്ങള്‍വരെ മാന്ത്രികവിദ്യയുടെയും നക്ഷത്രഭാവിയുടെയും പുറകേ പോകുന്നുണ്ട്.കേരളത്തിന്റെ കരുത്തായിരുന്ന ശാസ്ത്രബോധവും യുക്തിചിന്തയും കൈമോശം വന്നിരിക്കുകയാണ്. വികസനസൂചികകളില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിയത് യുക്തിചിന്തയും ശാസ്ത്രബോധവും മുറുകെ പിടിച്ചതുകൊണ്ടാണ്.എന്നാല്‍ ഇവിടെയും ഇപ്പോള്‍ ശാസ്ത്രത്തെ ഐതിഹ്യവുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.നമ്മുടെ പ്രത്യേകതകളായിരുന്ന അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം,പരീക്ഷണ വ്യഗ്രത തുടങ്ങിയവയെല്ലാം കൈമോശംവന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐതിഹ്യങ്ങളെയും പുരാണകഥാപാത്രങ്ങളെയും ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്താനുള്ള ശ്രമം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവുകയാണ്. വളര്‍ന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തെ യുക്തിരഹിതമാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഭരണഘടനയുടെ 42ആം വകുപ്പ് ഭേദഗതിവരുത്തി ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തേണ്ടത് ഇന്ത്യന്‍ പൗരന്റെ കടമയാണ് എന്ന് കൊണ്ടുവന്നത് ഇത്തരം പ്രവണതകളെ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.