ശ്രീനഗർ: ജമ്മുകാഷ്മീരിൽ വിഘടനവാദികൾക്കെതിരെ നടപടി ശക്തമാക്കി സൈന്യം. ജമ്മുകാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഫ് ) ചെയർമാൻ മുഹമ്മദ് യാസിൻ മാലിക്കിനെ സൈന്യം കസ്റ്റഡിയിലെടുത്തു. ഹുറിയത് കോൺഫറൻസ് നേതാവ് മിർവായിസ് ഒമർ ഫറുക്കിനെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തു. കാഷ്മീരിൽ സംഘർഷസാധ്യത പരിഗണിച്ചാണ് ഇരുനേതാക്കൾക്കെതിരെയുള്ള നടപടി.
വ്യാഴാഴ്ച രാവിലെ ശ്രീനഗറിലെ വസതിയിൽനിന്നാണ് മാലിക്കിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ കോത്തിബാഗ് പോലീസ് സ്റ്റേഷനിലേക്കുകൊണ്ടുപോയി. ശ്രീനഗറിലെ നാഗിനിലെ വസതിയിലാണ് മിർവായിസിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നത്. മറ്റൊരു ഹുറിയത് നേതാവ് സയിദ് അലി ഷാ ഗിലാനിയും വീട്ടുതടങ്കലിലാണ്.
ചൊവ്വാഴ്ച സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരത്തിന് വിഘടനവാദി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. സൈന്യത്തിന്റെ വെടിവയ്പിൽ നിരപരാധികൾ കൊല്ലപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.