തിരുവനന്തപുരം:സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22,165 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പിലുള്ളത് വയനാട്ടിലാണ്. മഴ നാളെ കുറഞ്ഞശേഷം വ്യാഴാഴ്ചയോടെ ശക്തിപ്പെടുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ക്യാമ്പുകളില്‍ ശുദ്ധജലവും ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധപ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പാങ്ങോട് നിന്ന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലേക്ക് പുറപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
മഴ അതിതീവ്രമായാല്‍ അണക്കെട്ടുകള്‍ തുറക്കേണ്ടിവരും. ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യമാണെന്നും അണക്കെട്ട് ഉടന്‍ മിക്കവാറും തുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള യന്ത്രോപകരണങ്ങള്‍ക്ക് ക്ഷാമമുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ എത്രയും വേഗം മാറിത്താമസിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.