കണ്ണൂര്‍:ശബരിമല വിഷയത്തില്‍ സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങള്‍ തുടരുകയാണ്.വിവിധയിടങ്ങളില്‍ നിരോധനാജഞ പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂരില്‍ അക്രമപരമ്പരതന്നെയുണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും.ഇന്നലെ രാത്രിയില്‍ സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെയും കണ്ണൂര്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെയും വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി.തൊട്ടു പിന്നാലെ ബിജെപി എംപി വി. മുരളീധരന്റെ വീടിന് നേരെയും ബോംബെറിഞ്ഞു.
രാത്രി 9.45 ഓടെയാണ് ഷംസീറിന്റെ മാടപ്പീടികയിലെ വീടിന് നേരെ ബോംബേറുണ്ടായത്.സംഭവ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലെത്തിയ സംഘം വീടിന് നേരെ ബോംബെറിയുകയായിരുന്നു.ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ഷംസീര്‍ ആരോപിച്ചു.
പി.ശശിയുടെ വീടിന് നേരെയും ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.ബിജെപി എംപി വി മുരളീധരന്റെ തലശേരി എരഞ്ഞോളി വാടിയില്‍ പീടികയിലെ തറവാട് വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്.സംഭവ സമയത്ത് എംപിയുടെ പെങ്ങളും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.