തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അസിഹിഷ്ണുതയുടെ രാഷ്ട്രീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ .ഇപ്പോള്‍ നടന്നത് കാംസ്‌കാരിക ഫാസിസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ആര്‍ക്കും സ്വതന്ത്രമായും നിര്‍ഭയമായും അഭിപ്രായം പറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം. എതിര്‍ക്കുന്നവരെ കൊല്ലുന്ന രീതി തുടരുകയാണ്. സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ ആക്രമണമുണ്ടാവുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. എന്നിട്ടും ഇത് സംഭവിച്ചത് സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പരാജയമാണ്.വര്‍ഗീയ,ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുന്നത് ചെറുക്കാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.