കോട്ടയം:ബിഷപ്പിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്ന പ്രതികരണവുമായി ജലന്ധര്‍ രൂപത.സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപതയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സന്യാസിനി സമൂഹത്തിന്റെ കാര്യങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടാറില്ല.അനുവാദമില്ലാതെയാണ് കന്യാസ്ത്രീകള്‍ കുറവിലങ്ങാട്ടേക്ക് പോയതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്‍കിയ പീഡനക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് അനുമതി നല്‍കിയതായി സിസ്റ്റര്‍ അനുപമ പറഞ്ഞിരുന്നു.കോട്ടയത്ത് നടക്കുന്ന സേവ് ഔവര്‍ സിസ്റ്റേഴ്‌സ് പ്രതിഷേധ കണ്‍വെന്‍ഷനില്‍ സിസ്റ്റര്‍ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ രൂപതാ അധ്യക്ഷന്‍ ഇടപെടാറില്ലെന്നും കൗണ്‍സിലിനും മദര്‍ ജനാറാളിനുമാണ് അധികാരമെന്നും ജലന്ധര്‍ രൂപത പറയുന്നു. കന്യാസ്ത്രീകളെ മഠങ്ങളിലേക്ക് തിരികെ ക്ഷണിച്ചതാണെന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ രൂപതയുടെ വിശദീകരണം.
നേരത്തേ സന്യാസ്ത്രീകളുടെ കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്ത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്നവര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു.കന്യാസ്ത്രീകളെ പിന്തുണയ്ക്കുന്നവരും ബിഷപ്പിന്റെ ആളുകളും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാകുകയും തുടര്‍ന്ന് പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കുകയുമായിരുന്നു.