കവണക്കല്ല്കൊണ്ട് കൊച്ചു ദാവീദ് ശക്തനായ ഗോലിയാത്തിനെ വീഴ്ത്തിയതുപോലെയാണ് തോമസ് ചാണ്ടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐയുടെ വിജയം. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് തോമസ് ചാണ്ടിക്കാണെങ്കിലും പിണറായി വിജയന്റെ അപ്രമാദിത്തത്തിന്റെ നട്ടെല്ലാണ് സി പി ഐ തകര്‍ത്തത്. തുള്ളാതെയും തുളുമ്പാതെയും അതീവ ശ്രദ്ധയോടെ സി പി ഐ നടത്തിയ കരുനീക്കങ്ങളാണ് ചാണ്ടിയുടെ ട്രൗസറും പിണറായിയുടെ കൗപീനവും അഴിച്ചെടുക്കാന്‍ കാനത്തെയും മന്ത്രി ചന്ദ്രശേഖരനെയും പ്രാപ്തരാക്കിയത്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ മന്ത്രി തോമസ് ചാണ്ടി യഥാര്‍ത്ഥത്തില്‍ രാജിവെക്കുകയായിരുന്നില്ല; സി പി ഐയുടെ ദാര്‍ഢ്യമുള്ള നിലപാടുകളാല്‍ പുറത്തുപോകേണ്ടിവരികയായിരുന്നു. ജില്ലാ കളക്ടറുടെ പ്രതികൂല ഉത്തരവുണ്ടായിട്ടും ഹൈക്കോടതി വിധി എതിരായിരുന്നിട്ടും കീഴ്വഴക്കവും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ച് ചാണ്ടി രാജിവെക്കാതിരുന്നതും പിണറായി രാജി ആവശ്യപ്പെടാതിരുന്നതും അഴിമതിയിലും മറ്റ് അരുതായ്മകളിലുമുള്ള ഹൃദയ ഐക്യം കാരണമായിരുന്നു.
ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ പറ്റാത്തവിധം കനമുള്ള പലതും പിണറായിയുടെ മടിശീലക്കുള്ളിലുണ്ട്. അതില്‍ കനകവുമുണ്ട്, കാമിനിയുമുണ്ട്. ശാരി മുതല്‍ സരിതവരെയുള്ളവരുടെ പേരിനോട് ബന്ധപ്പെട്ട മുന്‍ മന്ത്രി കുമാരന്മാരുടെ മൃഗയാവിനോദങ്ങളുടെ കഥ ചാണ്ടിയുടെ സുഖവാസപ്പുരകള്ക്കും വഞ്ചിപ്പുരകള്ക്കും പറയാനുണ്ട്. അതുകൊണ്ടായിരുന്നു കുട്ടനാടന്‍ കായലുകളില്‍ മുങ്ങിത്താണുപോകുന്നതുവരെ ചാണ്ടിക്കായി പിണറായി കച്ചിത്തുരുമ്പുകള്‍ എറിഞ്ഞുകൊടുത്തത്. അന്യായം പ്രവര്‍ത്തിച്ച് എല്‍ ഡി എഫിന് മാനക്കേടുണ്ടാക്കിയ ചാണ്ടിയോട് പ്രീതിയും, മന്ത്രിസഭാ യോഗത്തില്‍ ചാണ്ടിയുമായി കസേര പങ്കിടാന്‍ വിസമ്മതിച്ച സി പി ഐയോട് അപ്രീതിയും പ്രകടിപ്പിച്ച സി പി എം, സി പി ഐ എന്തോ ഘോരാപരാധം ചെയ്ത മട്ടിലാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെയും സി പി എം അവ്യലബിള് പി ബിയുടെയും കോടിയേരിയുടെയും പ്രതികരണങ്ങളില്‍ അത് തെളിഞ്ഞു കാണാം.
റവന്യൂ മന്ത്രിയായ ചന്ദ്രശേഖരനെ എ ജി സുധാകരപ്രസാദ് കളിയാക്കിയപ്പോഴും സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയെ നിന്ദിച്ചപ്പോഴും സി പി എമ്മിന്റെ സഹജാത സ്നേഹം എവിടെയും പ്രകടമായില്ല. അതിന് മുന്‍പ് എം എം മണി സി പി ഐ മന്ത്രിമാരെ പുലഭ്യം പറഞ്ഞപ്പോഴും ഒരു വിലക്ക് വാക്കുപോലും സി പി എം പറഞ്ഞിട്ടില്ല. അഴിമതിക്കാരനായ ഒരു മന്ത്രിയെ ഒരുപറ്റം തെളിവുകളോടെ വലയിലാക്കിയപ്പോള്‍ വലക്കണ്ണി പൊട്ടിച്ച് ചാണ്ടിയെ രക്ഷിക്കാനാണ് പിണറായി വിജയന് ശ്രമിച്ചത്. മന്ത്രിസഭായോഗം ബഹിഷ്കരിച്ച സി പി ഐ മന്ത്രിമാരേക്കാള്‍ നൂറിരട്ടി അപമാനമാണ് ചാണ്ടി എല്‍ ഡി എഫിന് വരുത്തിവച്ചത്. എന്നിട്ടും ചാണ്ടിക്ക് പൂമാലയും സി പി ഐക്ക് കല്ലേറും നല്കുന്ന സി പി എം നിലപാട് കള്ളന് കഞ്ഞിയല്ല; ബിരിയാണി വെച്ചുകൊടുക്കുന്നതിന് തുല്യമാണ്. മുന്‍പിന്‍ നോക്കാതെ പണച്ചാക്കുകളെ പിന്താങ്ങുന്ന സി പി എം തങ്ങള്‍ ചുമക്കുന്നത് സുവര്ണഭാരമല്ല; വിഴുപ്പ് ഭാണ്ഡങ്ങളാണെന്ന് മനസ്സിലാക്കണം. പുഴുവരിക്കുകയും ചലമൊലിക്കുകയും ചെയ്യുന്ന ഇത്തരം മാലിന്യങ്ങള്‍ ഇനിയും സി പി എമ്മിന്റെ ചുമലിലുണ്ട്. ഇടത് മുന്നണിക്ക് മാത്രമല്ല, രാഷ്ട്രീയ വിശുദ്ധിക്കും ഇത്തരക്കാര്‍ അപമാനമാണ്. പണം കിട്ടിയാല്‍ ഏത് പിശാചിനെയും സ്ഥാനാര്‍ത്ഥിയാക്കുകയും കൂടുതല്‍ പണം നല്കിയാല് മന്ത്രിയാക്കുകയും ചെയ്യുന്ന സി പി എമ്മിന്റെ ആര്‍ത്തിയുടെ അനന്തരഫലമാണ് തോമസ് ചാണ്ടിമാരുടെ സ്ഥാനാര്‍ത്ഥിത്വവും മന്ത്രിസ്ഥാനവുമൊക്കെ.
ഒരു കൂട്ടുകക്ഷി മന്ത്രിസഭയില്‍ സഹകക്ഷിയുടെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തണമെങ്കില്‍ അസാമാന്യ നിശ്ചയദാര്‍ഢ്യവും രാഷ്ട്രീയ ഇച്ഛാശക്തിയും വേണം. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ അത് പ്രകടമാക്കിയ സി പി ഐ അഭിനന്ദനമര്‍ഹിക്കുന്നു. മോഷ്ടാവിനെ വെറുതെവിട്ട്, കള്ളനെ കണ്ടുപിടിച്ചവനെ മോഷ്ടാവാക്കുന്ന സി പി എം നിലപാട് പൊതുസമൂഹം അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ സി പി ഐയുടെ നിലപാടിനായിരിക്കും അംഗീകാരം ലഭിക്കുക. കിട്ടിയ അവസരങ്ങളിലൊക്കെ സി പി ഐയെ കുത്താനും വീഴ്ത്താനും ശ്രമിക്കുമ്പോള്‍ ഒന്ന് കുതറി പിന്നെ കീഴടങ്ങുന്ന ഗതികേടായിരുന്നു സി പി ഐക്കുണ്ടായിരുന്നത്. തോമസ് ചാണ്ടി വിഷയത്തില്‍ അവര്‍ അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു. മന്ത്രിസഭാ യോഗ ബഹിഷ്കരണം അത്രമേല്‍ തിരിച്ചടിയായിരുന്നു. അസാധാരണ നടപടിയെന്ന് പിണറായിക്ക് തന്നെ സമ്മതിക്കേണ്ടിവന്നു.
ഇരട്ടച്ചങ്കനെന്ന് അണികള്‍ വാഴ്ത്തിയ നേതാവിന്റെ നെഞ്ചകം കലക്കിയ പ്രഹരമായിരുന്നത്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനും ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിനും സാധിക്കാത്ത വിധം പ്രഹരമേല്‍പ്പിക്കാന്‍ ഈ ബഹിഷ്കരണത്തിന് സാധിച്ചിരിക്കുന്നു. കേരള രാഷ്ട്രീയം അടുത്തകാലത്തൊന്നും ദര്‍ശിച്ചിട്ടില്ലാത്ത തന്ത്രപരമായ കരുനീക്കമായിരുന്നത്. പകപഴുത്ത കണ്ണുമായി പകരം ചോദിക്കാന്‍ പിണറായിയും സി പി എമ്മും കാത്തിരിക്കുകയാണ്. ഇതിന്റെ പേരില്‍ സി പി എമ്മിന്റെ ചവിട്ടേറ്റാലും സി പി ഐയെ തുണയ്ക്കാന്‍ നന്മയാഗ്രഹിക്കുന്ന കക്ഷികളും ജനങ്ങളും കൂടെയുണ്ടാകുമെന്ന് തീര്‍ച്ച. സി പി ഐയെ വിശ്വാസഘാതകരാക്കാനാണ് കോടിയേരിയുടെ ശ്രമം. സി പി എമ്മിന്റെ തല്ലും തലോടലും ഏറെ അനുഭവിച്ച സി പി ഐക്ക് നട്ടെല്ലുയര്‍ത്തി നില്ക്കാന് തോമസ് ചാണ്ടി വിഷയത്തില്‍ സാധിച്ചിരിക്കുന്നു. നിലപാടുകളില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് വൈകിയാണെങ്കിലും വിജയം വരുമെന്ന് തീര്‍ച്ച. കരിമീനും ഞണ്ടും തീന്മേശമേല് ഒരുക്കിവെച്ചും സുഖമെത്ത വിരിച്ചും ആതിഥ്യമരുളുന്നവര്ക്കും മുന്‍പിന്‍ നോക്കാതെ അത് മൃഷ്ടാന്നം ഭുജിക്കുന്നവര്ക്കുമുള്ള പാഠമാണ് തോമസ് ചാണ്ടിയുടെ വീഴ്ചയും പിണറായിയുടെ നാണംകെട്ടുള്ള വാഴ്ചയും.