ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) മുഖംമൂടി ധരിച്ച ഗുണ്ടകൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിച്ച് രണ്ട് ദിവസത്തിന് ശേഷം നടി ദീപിക പദുക്കോൺ വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാമ്പസ് സന്ദർശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം യൂണിവേഴ്സിറ്റിയിലേക്കുള്ള അവരുടെ സന്ദർശനത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ എതിർത്തും അനുകൂലിച്ചും ഉള്ള അഭിപ്രായങ്ങൾ കൊണ്ട് സജീവമായി, #ISupportDeepika, #BoycottChhapaak , #shameonbollywood എന്നീ ട്രെൻഡുകൾ രൂപപ്പെട്ടു.
ദീപിക പദുക്കോൺ ജെഎൻയുവിൽ ഒന്നും സംസാരിച്ചില്ല, എന്നാൽ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പെടെ ആക്രമണത്തിനിരയായ വിദ്യാർത്ഥികളുമായി നിശബ്ദമായി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ പലരുടെയും പ്രശംസ പിടിച്ചുപറ്റി. താരത്തിന്റെ ധീരമായ നീക്കമാണിതെന്ന് അനുരാഗ് കശ്യപ്, നിഖിൽ അദ്വാനി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർ അഭിപ്രായപ്പെട്ടു.