തിരുവനന്തപുരം: നിരവധി തട്ടിപ്പുകളിലൂടെ പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ കൈക്കലാക്കിയ കേസിലെ പ്രതിയായ സരിതാ എസ്. നായരെ വിശുദ്ധയാക്കി പ്രഖ്യാപിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചും ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചന. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതാ നായരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച യു.ഡി.എഫ് സര്‍ക്കാരിലെ പ്രമുഖര്‍ക്കെതിരെ അവര്‍ എഴുതിയെന്ന് പറയപ്പെടുന്ന കത്തിന്റെ ചുവടുപിടിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാര നടപടി. സരിതാ നായരുടെ കത്തില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സരിതയുടെ കത്തില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ കേസ് എടുത്തിട്ടില്ലെന്നതും ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ തെളിവായി.
അതേസമയം, ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ നിഗമനങ്ങളും അതിന്മേല്‍ സര്‍ക്കാര്‍ തേടിയ നിയമോപദേശവും അടിസ്ഥാനമാക്കിയാണ് കേസ് എടുക്കുന്നതെന്നായിരുന്നു പിണറായി വിജയന്റെ ഔദ്യോഗിക വിശദീകരണം. കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സംബന്ധിച്ച് ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പതിവു വാര്‍ത്താസമ്മേളനം ഒഴിവാക്കിയിരുന്ന പിണറായി വിജയന്‍, വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയിലാണ് ഇന്നലെ രാവിലെ പത്തിന് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുന്‍ എം.എല്‍.എമാരായ ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഒപ്പം, സോളാര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിജിപി ഹേമചന്ദ്രന്‍, ഐജി പദ്മകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തും. പൊലീസ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജി.ആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിയും ക്രിമിനല്‍ കേസെടുത്ത് വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു.
ഉമ്മന്‍ചാണ്ടി നേരിട്ടും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഡല്‍ഹിയിലെ സഹായി കുരുവിള എന്നിവര്‍ സരിതാ എസ് നായരെയും അവരുടെ സോളാര്‍ കമ്പനിയെയും വഞ്ചിക്കുന്നതിന് സഹായിച്ചുവെന്നാണ് കമ്മീഷന്റെ നിഗമനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം. ക്രിമിനല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്ന നിഗമനത്തിന്റെ പേരിലാണ് തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ്. ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ് എന്നിവര്‍ക്കെതിരെ തുടരന്വേഷണത്തിന് കോടതിയില്‍ ഹര്‍ജി നല്‍കും. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുക.
സരിതാ നായരെയും ടീം സോളാറിനെയും സഹായിച്ചുവെന്ന് ആരോപിച്ചാണ് ആര്യാടന്‍ മുഹമ്മദിനെതിരെ കേസ്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍ എ. ഹേമചന്ദ്രന്‍, ഐ.ജി കെ. പദ്മകുമാര്‍, ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയുള്ള കേസിനാധാരം. സോളാര്‍ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ ഇടപെട്ടുവെന്നും ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടീം സോളാറില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് അജിത്കുമാറിനെതിരെ കേസ്.
അതേസമയം, സോളാര്‍ കേസില്‍ പുതിയ പരാതികളോ രേഖകളോ തെളിവുകളോ ലഭിച്ചാല്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന ഭീഷണിയും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ മുഴക്കി. ലൈംഗിക സംതൃപ്തി നേടിയിട്ടുണ്ടെങ്കില്‍ അതും കൈക്കൂലിയായി കണക്കാക്കാമെന്ന വിചിത്രവാദവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. അഴിമതി നടത്തിയതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ എല്ലാവരുടെയും പേരില്‍ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.