തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെപ്പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകളെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്നാട്ടിലെ കന്യാകുമാരി മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപം പൂണ്ടിട്ടുണ്ടെന്നും ഒന്നാം തീയതിയോടെ തെക്കന്‍ കേരളത്തില്‍ അതിശക്തിയായി കാറ്റ് അടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും നവംബര്‍ 29-ന് 5 മണിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് തന്നെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഹൈദരാബാദിലെ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ബുധനാഴ്ച തന്നെ ചുഴലി കൊടുങ്കാറ്റിനെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയപ്പ് സംസ്ഥാന ദുരന്ത അതോറിറ്റിക്കും കൈമാറിയിരുന്നു. ഇത്രയും മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് അത്യന്തം ഗുരുതരമായ വീഴ്ചയാണ്.
ലോകത്തെവിടെയും ചുഴലിക്കൊടുങ്കാറ്റ് വീശുന്നതിന് മുന്‍പ് തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതുള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാറാണ് പതിവ്. ഇവിടെ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയുന്നതിന് പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. ചുഴലിക്കൊടുങ്കാറ്റ് അടിച്ചു കഴിഞ്ഞതിന് ശേഷമാണ് സര്‍ക്കാര്‍ അനങ്ങിയതു തന്നെ. സര്‍ക്കാരിന്റെ വീഴ്ച കാരണം നൂറ്റമ്പതിലേറെ മത്സ്യത്തൊളിലാളികളാണ് കടലില്‍ കുടുങ്ങിയത്.
ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച ശേഷവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നതിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി. കടലില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടു വരുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് തീരപ്രദേശത്ത് ഒരു സംവിധാനവും ഒരുക്കിയിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.