തിരുവനന്തപുരം: സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് തിരുത്തിയതിന് ശേഷമാണ് നിയമസഭയില്‍ വച്ചത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന് ജസ്റ്റിസ് ശിവരാജനെ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണോ എന്ന് ചെന്നിത്തല ചോദിച്ചു.
നിയമസഭയെ നോക്കുകുത്തിയാക്കി അവഹേളിക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതാണ്. എന്നിട്ടും അത് നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല. റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രതിപക്ഷത്തെയും യുഡിഎഫിനെയും നിശബ്ദരാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. എന്തിനെയും നേരിടാന്‍ യുഡിഎഫ് തയ്യാറാണ്. 50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിയുടെ നടപടിയെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല സഭയില്‍ വ്യക്തമാക്കി.
അന്വേഷണ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭയില്‍ വയ്ക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി ഇത് പുറത്തുവിട്ടെന്നും ചെന്നിത്തല ആരോപിച്ചു. ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണ്. റിപ്പോര്‍ട്ട് കണ്ട ശേഷം ജസ്റ്റിസ് ശിവരാജന്റെ വിശ്വാസ്യതയെ കുറിച്ച് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.