ചെന്നൈ:തമിഴ്നാട്ടില്‍ ബോക്സ് ഓഫീസ് തകര്‍ത്തു മുന്നേറുന്ന നടന് വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ ‘സര്‍ക്കാരിനെതിരെ വാളോങ്ങി തമിഴ്നാട് സര്‍ക്കാര്‍.’സര്‍ക്കാര്‍’ സിനിമ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്നാണ് തമിഴ്നാട് നിയമമന്ത്രി സി വി ഷണ്മുഖന്റെ അഭിപ്രായം.സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രമെന്നും മന്ത്രി പറയുന്നു.ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് ചിത്രം പറയുന്നതെന്നും വിജയ്ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചിത്രത്തിന്റെ പോസ്റ്ററുകളില്‍ വിജയ് സിഗരറ്റ് വലിക്കുന്ന ചിത്രം നല്‍കിയിരുന്നു.പുകവലിയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ച് വിജയ്ക്കും സംവിധായകന് എ ആര് മുരുഗദോസിനും നിര്‍മ്മാതാവിനും ആരോഗ്യവകുപ്പ് നോട്ടീസും നല്കി.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്നാരോപിച്ചാണ് ഭരണകക്ഷിയായ എഐഎഡിഎംകെ ‘സര്‍ക്കാരി’നെതിരേ തിരിഞ്ഞത്.ജയലളിതയുടെ ക്ഷേമ പദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ നേതാക്കള്‍ മധുരയിലെ തീയേറ്ററിനുമുന്നില് പ്രതിഷേധിച്ചു.
ജിഎസ്ടിയെയും,നോട്ട് നിരോധനത്തെയും വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരെയും പ്രതിഷേധം നടന്നിരുന്നു.
അതേസമയം തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തെ രുക്ഷമായി വിമര്‍ശിച്ചുകൊണ്ട് നടന് കമല്ഹാസന് രംഗത്തെത്തി.വിമര്‍ശനങ്ങളെ അംഗീകരിക്കാത്ത ഭരണകൂടങ്ങള്‍ താഴെവീഴുമെന്നാണ് കമല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ല.ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും. അന്തിമവിജയം നീതിമാന്മാരുടേതായിരിക്കും.’കമല്ഹാസന് നിലപാട് വ്യക്തമാക്കുന്നു.