തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ ഇടതുസര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചത് ‘കഥാ സരിതാ സാഗര’മാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. സോളാര്‍ കമ്പനി നടത്തിയ തട്ടിപ്പ് അന്വേഷണത്തില്‍ തുടങ്ങി കമ്മീഷന്‍ റിപ്പോര്‍ട്ട് ഒടുവില്‍ സരിതാ റിപ്പോര്‍ട്ടായാണ് സഭയിലെത്തിയത്. താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. 21 പേജുള്ള കത്ത് 25 പേജുകളായി വര്‍ധിപ്പിച്ചും ഇക്കിളിപ്പെടുത്തുന്ന  വാചകങ്ങള്‍ കോര്‍ത്തിണക്കിയും ‘കഥാ സരിതാ സാഗരം’ വിപുലപ്പെടുത്താനാണ് ശ്രമിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ എല്‍.ഡി.എഫിന്റെ ഇംഗിതത്തിന് അനുസരിച്ച് രാഷ്ട്രീയ പ്രതികാരത്തോടെ തയാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 
കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ലെന്ന് വ്യക്തമായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമായി തയാറാക്കപ്പെട്ടതാണെന്ന് കൂടുതല്‍ വ്യക്തമായി. ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍, ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി ഒന്നര വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ടേംസ് ഓഫ് റഫറന്‍സിന് പറത്തുള്ള കാര്യങ്ങളില്‍ ഇടപെട്ടും ഇഷ്ടമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയും തയാറാക്കിയ റിപ്പോര്‍ട്ടാണിത്. ടേംസ് ഓഫ് റഫറന്‍സില്‍ പറഞ്ഞ ഒരു കാര്യവും കമ്മീഷന്‍ അന്വേഷിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സോളാര്‍ കമ്പനി നടത്തിയ തട്ടിപ്പിലെ അഴിമതി, അതുമായി ബന്ധപ്പെട്ട പരാതികളുടെ നിജസ്ഥിതി, തട്ടിപ്പിന് ആരാണ് ഉത്തരവാദികള്‍, സര്‍ക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം ഉണ്ടായോ എന്നിവയൊന്നും അന്വേഷിച്ചില്ല. അത് അന്വേഷിച്ചിരുന്നെങ്കില്‍ വ്യക്തമായ ഉത്തരം ലഭിക്കുമായിരുന്നു. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ കൊല്ലപ്പെട്ട സംഭവത്തിലെ 13 കേസുകളെക്കുറിച്ച് കമ്മീഷന്റെ നിഗമനങ്ങളില്‍ യാതൊരു പരാമര്‍ശവും ഇല്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. 
പ്രതിപക്ഷം ഉള്‍പ്പെടുത്താന്‍ വിട്ടുപോയ കാര്യങ്ങള്‍ കൂടി കമ്മീഷന്‍ കണ്ടുപിടിച്ചുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ റിപ്പോര്‍ട്ടിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണ്. ഇടതുസര്‍ക്കാര്‍ കമ്മീഷനുമായി നേരിട്ടു ബന്ധപ്പെട്ടതും ചില പേജുകളില്‍ രണ്ടാമത് ഒപ്പിട്ടുവാങ്ങിയതും ഇതിന് തെളിവാണ്. സരിതാ നായര്‍ എന്ന സ്ത്രീ പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന ഹൈക്കോടതിയുടെ ജഡ്ജ്‌മെന്റ് പോലും കമ്മീഷന്‍ പരിഗണിച്ചില്ല. ഉമ്മന്‍ചാണ്ടിയെ തേജോവധം ചെയ്യാന്‍ ഇ.പി ജയരാജന്‍ പത്തുകോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ഇതേ സ്ത്രീ വെളിപ്പെടുത്തിയതും അന്വേഷണ വിധേയമാക്കിയില്ല. പ്രതികാര ബുദ്ധിയോടെ, അവധാനതയില്ലാതെയാണ് സര്‍ക്കാര്‍ ഡി.ജി.പി, അഡ്വക്കേറ്റ് ജനറല്‍ എന്നിവരില്‍ നിന്ന് നിയമോപദേശം തേടിയത്. അതിലെ രാഷ്ട്രീയ ഉദ്ദേശ്യം പുറത്തറിഞ്ഞതോടെ സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തില്‍ നിന്ന് വീണ്ടും നിയമോപദേശം തേടി. യാതൊരു തെളിവും ഇല്ലാതെ വെറുമൊരു പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നാണ് പസായത്ത് നിയമോപദേശം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബോംബ് പൊട്ടുമെന്ന് വിശേഷിപ്പിച്ചാണ് സര്‍ക്കാര്‍ സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഒരു പൊട്ടാസ് പോലും പൊട്ടിയിട്ടില്ല. ജനങ്ങളില്‍ യാതൊരു പ്രതികരണവും ഉണ്ടാക്കിയിട്ടില്ല. മല എലിയെ പ്രസവിച്ചുവെന്നത് പോലെയുള്ള റിപ്പോര്‍ട്ടായി ‘സരിതാ റിപ്പോര്‍ട്ട്’ മാറിയെന്നും ഹസന്‍ പരിഹസിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് ആശങ്കപ്പെടുന്ന സോളാര്‍ കമ്മീഷന്‍, ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നാലുവര്‍ഷം റിപ്പോര്‍ട്ട് സമര്‍പ്പണം നീട്ടിക്കൊണ്ടുപോയതെന്നും കമ്മീഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ഖജനാവില്‍ നിന്ന് ചെലവഴിച്ച ഭാരിച്ച തുകയെക്കുറിച്ച് കമ്മീഷന് ആശങ്കയില്ലേയെന്നും ഹസന്‍ ചോദിച്ചു. രാഷ്ട്രീയ പ്രതികാരം മനസില്‍ വെച്ചായിരുന്നു ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ ചോദ്യം ചെയ്തത്.
സി.പി.എമ്മിന്റെ മെഗാഫോണായി മാറിയ സരിതാ നായര്‍ പരാതിയില്‍ പരാമര്‍ശിച്ച പേരുകള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം യു.ഡി.എഫിനെതിരെ പ്രചരണം നടത്തിയത്. ജനമധ്യത്തില്‍ നേതാക്കളെ താറടിച്ചിട്ടും അവരെയെല്ലാം വന്‍ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ ജയിപ്പിച്ചു. അതിനാല്‍ ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളിക്കളയുകയാണ്. ഒരു അന്വഷണത്തെയും ഭയമില്ല. യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും തകര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.