കൊച്ചി:മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചു വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിനു ശുപാര്‍ശ നല്‍കിയതായാണ് വിവരം.എന്നാല്‍ വാര്‍ത്തയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം കേട്ടതെന്നും പറഞ്ഞ രാജു നാരായണസ്വാമി സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷമായാണ് പ്രതികരിച്ചത്.28 വര്‍ഷമായി അഴിമതിക്കെതിരെ പോരാട്ടം നടത്തിയതിനുള്ള സമ്മാനമാണിതെന്നാണ് രാജു നാരായണ സ്വാമി പറഞ്ഞത്.മൂന്നാര്‍ മുതലിങ്ങോട്ട് സര്‍ക്കാര്‍ തന്നോട് പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാളികേര വികസന ബോര്‍ഡ് ചെയര്മാന് എന്ന നിലയില്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികള്‍ക്ക് ലഭിച്ച പ്രതിഫലമാണിത്. കഴിഞ്ഞ നാല് മാസമായി തനിക്ക് ശമ്പളം പോലുമില്ലെന്ന് നാരായണസ്വാമി പറയുന്നു.ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിനറിയാം. ഗോഡ് ഫാദര്‍മാരുള്ളവര്‍ക്ക് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. അഴിമതിക്കെതിരെ നിലപാടെടുക്കുന്നവരുടെ ജീവിത മാര്‍ഗം മുട്ടിക്കുകയാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു.
നാളികേര വികസന ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാര്‍ച്ചില്‍ നീക്കിയിരുന്നു.ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.